Sunday, December 15, 2013

എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?

എസ്.രാജ്യശ്രീ

എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍
എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ കാര്‍ഡുകള്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ കാര്‍ഡ് മോഷണം പോകാം. അങ്ങനെ വന്നാല്‍ എന്താണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. 

കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് രേഖാമൂലം തന്നെ അറിയിപ്പ് നല്‍കുന്നതാണ് നല്ലത്. ഇമെയില്‍ വഴിയോ, എസ്എംഎസ് വഴിയോ, നേരിട്ട് ചെന്ന് എഴുതി നല്‍കുകയോ ആകാം. ഒരിക്കല്‍ ബാങ്കിനെ വിവരം അറിയിച്ച ശേഷം പിന്നീട് ആ അക്കൗണ്ടില്‍ നിന്ന് ഇടപാടു നടന്നാല്‍ അതിന് ബാങ്ക് ഉത്തരവാദിയായിരിക്കും.

കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ തന്നെ പരാതികളുണ്ടെങ്കില്‍- തെറ്റായ ബില്ലിങ് പോലെ - ആബിഐ നിയോഗിച്ചിട്ടുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് നല്‍കാം. ബാങ്കുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും ഇവിടെ നല്‍കാവുന്നതാണ്. നിങ്ങളുടെ പരാതിയില്‍ ബാങ്ക് നടപടി സ്വീകരിക്കാതിരിക്കുകയോ, സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെങ്കിലോ , സംശയങ്ങള്‍ക്ക് ബാങ്ക് ശരിയായ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനകം ബാങ്ക് മറുപടി നല്‍കണം. ഇല്ലെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. തെറ്റായ ബില്ലിങ് പോലുള്ള കാര്‍ഡ് പരാതികളില്‍ 60 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കുകയും പരിഹാരം ഉറപ്പാക്കുകയും വേണം.
 

കാര്‍ഡുകളെ സംരക്ഷിക്കാന്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍

നിങ്ങളുടെ ബാങ്ക് കാര്‍ഡുകള്‍ക്ക് (എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ്) സംരക്ഷണം ഉറപ്പാക്കാന്‍ ഇപ്പോള്‍ കഴിയും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അതിനുള്ള ഒരു മാര്‍ഗമാണ്.

നിരവധി ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പട്ടാല്‍ എന്തു ചെയ്യും? ഇവിടെയാണ് കാര്‍ഡ് പ്രെട്ടക്ഷന്‍ പ്ലാന്‍ ഉപയോഗപ്പെടുത്താവുന്നത്. വിവിധ സേവനദാതാക്കള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 1,100 രൂപ മുതല്‍ 1,800 രൂപ വരെ ചെലവില്‍ നിങ്ങളുടെ പേഴ്‌സിനും ഈ കവറേജ് നേടാം. നിങ്ങള്‍ ഈ പ്ലാന്‍ എടുത്തിട്ടുണ്ടെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അക്കാര്യം സര്‍വീസ് പ്രൊവൈഡറെ അറിയിച്ചാല്‍ മതി. അവര്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഇഷ്യു ചെയ്തിട്ടുള്ള എല്ലാ ബാങ്കുകളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുകൊള്ളും. ഒരേ ഒരു ഫോണ്‍ കോള്‍ വഴി എല്ലാ കാര്‍ഡുകളും ബ്ലോക് ചെയ്യാന്‍ കഴിയും.
 

മാത്രമല്ല തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ലഭിക്കും. ഇനി കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടാല്‍ അത്യാവശ്യത്തിന് പണവും ഈ സേവനദാതാവ് ലഭ്യമാക്കും. അതിനാല്‍ ലിന്‍സിക്കു സംഭവിച്ചതു പോലുള്ള പ്രതിസന്ധി ഒഴിവാക്കാനാകും. ഈ പണം പലിശ രഹിത വായ്പയായിരിക്കും. മാത്രമല്ല തിരിച്ചടയ്ക്കാന്‍ നിശ്ചിത സമയം ലഭിക്കുകയും ചെയ്യും. കാര്‍ഡ് നഷ്ടപ്പെട്ടതു വഴി നിങ്ങള്‍ക്ക് പണനഷ്ടമുണ്ടായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ഉണ്ട്. പക്ഷേ ഈ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പേഴ്‌സ് , അഥവാ കാര്‍ഡ് നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ അത് സേവനദാതാവിനെ അറിയിച്ചിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രൊട്ടക്ഷന്‍ ലഭിക്കില്ല.
 

ഇന്‍ഷുറന്‍സ് കവറേജ്
 
ചില ബാങ്കുകള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജഇടപാടുകള്‍ , മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകളാകട്ടെ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.
 

No comments:

Post a Comment