Monday, August 20, 2012

ATM കൂടുതല്‍ സ്മാര്‍ട്ടാകുന്നു


Published by: Dhanam Business Magazine 20 August 2012


പുതുതലമുറ ബാങ്ക് എ.റ്റി.എമ്മുകളില്‍ പണം നിക്ഷേപിച്ചാല്‍ അത് അപ്പോള്‍തന്നെ എണ്ണിത്തിട്ടപ്പെടുത്തി എക്കൗണ്ടില്‍ വരവ് വെക്കുന്ന സംവിധാനം (Bunch note acceptor) ഇപ്പോള്‍ നിലവില്‍ വന്നുകഴിഞ്ഞു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇത്തരം എ.റ്റി.എം സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരത്തും കൊച്ചിയിലും ഇത്തരത്തിലുള്ള ഓരോ എ.റ്റി.എമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. 

സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനായി ബയോമെട്രിക് എ.റ്റി.എമ്മുകളും വ്യാപകമാകുന്നു. എ.റ്റി.എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍പ്പോലും മറ്റൊരു വ്യക്തിക്ക് പ്രസ്തുത എക്കൗണ്ടില്‍ യാതൊരു ഇടപാടും നടത്താനാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

അന്ധരായ വ്യക്തികള്‍ക്കുപോലും അനായാസേന ഉപയോഗിക്കാവുന്ന എ.റ്റി.എമ്മുകള്‍ ഉടനടി കേരളത്തിലും നിലവില്‍ വരും. അന്ധര്‍ക്കായുള്ള പ്രത്യേക കീപാഡും ഹെഡ്‌ഫോണ്‍ സെറ്റുംഉപയോഗിച്ചാണ് ഇടപാടുകള്‍ സാധ്യമാകുന്നത്.

പണംപിന്‍വലിക്കല്‍: പെട്ടെന്ന് പണം പിന്‍വലിക്കാന്‍ ഫാസ്റ്റ് കാഷ് ഓപ്ഷനില്‍ സ്‌ക്രീനില്‍ കാണുന്ന സംഖ്യകളില്‍ ആവശ്യമുള്ള തുക തെരഞ്ഞെടുത്താല്‍ മതി. എത്ര തുകയുടെ നോട്ടുകളാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ചിലയിടത്തുണ്ട്.

നിക്ഷേപം: പണമോ, ചെക്കോ, എ.റ്റി. എമ്മില്‍ നിക്ഷേപിക്കാം. എ.റ്റി.എം റൂമുകളില്‍ ലഭ്യമായിട്ടുള്ള ചെലാനില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം അവിടെയുള്ള പ്രത്യേക കവറിനുള്ളിലാക്കി പണം എ.റ്റി.എമ്മിലേക്ക് നിക്ഷേപിക്കാം. എക്കൗണ്ടില്‍ വരവ് വെക്കാന്‍ രണ്ട് ദിവസം എടുക്കും.

ചെക്ക് ബുക്ക് അപേക്ഷ: ചെക്ക് ബുക്ക് ലഭിക്കാന്‍ ബാങ്കിന്റെ ശാഖയില്‍ പോയി കാത്തുനില്‍ക്കണ്ട. പകരം എ.റ്റി.എമ്മിലൂടെ ഇതിനുള്ള അപേക്ഷ നല്‍കിയാല്‍ ചെക്ക് ബുക്ക് തപാലിലൂടെ ഉപഭോക്താവിന് ലഭിക്കും

ഫണ്ട് ട്രാന്‍സ്ഫര്‍: എ.റ്റി.എം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ഡെബിറ്റ് കാര്‍ഡുകളിലേക്കോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളിലേക്കോ പണം കൈമാറ്റം ചെയ്യാവുന്നതാണ്. എ.റ്റി.എമ്മില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് പണം അയക്കേണ്ട കാര്‍ഡിന്റെ നമ്പറും തുകയും എന്റര്‍ ചെയ്തശേഷം കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റും ഇങ്ങനെ നടത്താം.

ഇന്‍ഷുറന്‍സ് പ്രീമിയം: എ.റ്റി.എമ്മുകളില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം പ്രീമിയം തുക അടയ്ക്കാം. പ്രിന്റ്ഔട്ട് ഉപഭോ  ക്താവ് സൂക്ഷിക്കണം. സ്‌റ്റേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ എ.റ്റി.എമ്മുകളില്‍ സൗകര്യമുണ്ട്.   

കോളെജ്ഫീസ്, ബില്‍പേയ്‌മെന്റ്: വിവിധ ബാങ്കുകള്‍ ചില നിര്‍ദിഷ്ട കോളെജുകള്‍, സ്‌കൂളുകള്‍ എന്നിവയുടെ ഫീസ് എ.റ്റി.എം മുഖേന അടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദ്യുതി, ജലം, ടെലിഫോണ്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

സംഭാവന നല്‍കാം: പുണ്യ സ്ഥലങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.റ്റി.എമ്മുകള്‍ അവസരമൊരുക്കുന്നു.

എഫ്.ഡി എക്കൗണ്ട്: സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്നും കുറച്ച് തുക സ്ഥിര നിക്ഷേപമാക്കി മാറ്റുന്നതിനുള്ള അപേക്ഷ എ.റ്റി.എം മുഖേന നല്‍കാവുന്നതാണ്. നിക്ഷേപ കാലാവധി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനാകും. ഐ.സി.ഐ.സി.ഐ ബാങ്ക് പ്രസ്തുത സേവനം എ.റ്റി.എമ്മില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വായ്പാതിരിച്ചടവ്: ചില ബാങ്കുകളുടെ എ.റ്റി.എമ്മുകളില്‍ വായ്പാ തിരിച്ചടവിനുള്ള സംവിധാനമുണ്ട്. വായ്പ എക്കൗണ്ട് നമ്പര്‍ അറിയാമെങ്കില്‍ പ്രസ്തുത ഓപ്ഷന്‍ എടുത്ത് തുക എന്റര്‍ ചെയ്താല്‍ പേയ്‌മെന്റിന്റെ രസീത് ലഭിക്കും. 

മൊബീല്‍ റീചാര്‍ജ് / ടോപ് അപ്പ്: എ.റ്റി.എമ്മില്‍ ഇതിനായുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും റീചാര്‍ജ് അഥവാ ടോപ് അപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.

courtesy: Dhanam Business Magazine 20 August 2012 

No comments:

Post a Comment