Monday, August 20, 2012

ഇസ്ലാമിക് ബാങ്കിംഗ് എന്ത്? എങ്ങനെ?

Published by: Dhanam Business Magazine 20 August 2012

ബാങ്ക് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക വായ്പയും പലിശയുമായിരിക്കും. പലിശയില്ലാത്ത ബാങ്കിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇസ്ലാമിക് ബാങ്കിംഗ് എന്ന പലിശ രഹിത ബാങ്കിംഗ് അധികമൊന്നും മുഖ്യധാരാ ചര്‍ച്ചാ വിഷയമായിട്ടില്ല. ലോകം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഒരു തിരുത്തല്‍ നയം എന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിംഗ് പരിഗണിക്കാവുന്നതാണ്. 

ആസ്തി അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനം. ലാഭത്തിനേക്കാള്‍ മനുഷ്യത്വത്തിന് ഇവിടെ ഊന്നല്‍ നല്‍കുന്നു. പരമ്പരാഗത ബാങ്കുകള്‍ കടം കൊടുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇസ്ലാമിക് ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നത് നിക്ഷേപത്തിനാണ്. ഇത് ഒരു സമുദായത്തിന് വേണ്ടിമാത്രമുള്ള സംരംഭമല്ല. പരമ്പരാഗത ബാങ്കിംഗ് വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനമാണ്. 

യുഎസ്എ, യുകെ, ജപ്പാന്‍ തുടങ്ങി 70ല്‍ അധികം രാജ്യങ്ങളില്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നിലവിലുണ്ട്. ലോകത്താകമാനം 700ല്‍ അധികം ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക് ബാങ്കിംഗ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 14 മുതല്‍ 20 ശതമാനം വരെയാണ്. മധ്യപൂര്‍വ ദേശത്തെ കൂടുതല്‍ പരമ്പരാഗത ബാങ്കുകള്‍ ഇസ്ലാമിക് ബാങ്കുകളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2002ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എഐസിഎല്‍ (ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ക്രെഡിറ്റ്‌സ് ലിമിറ്റഡ്) കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്ലാമിക് എന്‍ബിഎഫ്്‌സി നടത്തിവരുന്നു.

ഇസ്ലാമിക് ബാങ്കിംഗ് ചരിത്രം
നാല്‍പതുകളുടെ ആരംഭത്തില്‍ ഇസ്ലാമിക പണ്ഡിതന്‍മാരായ അന്‍വര്‍ ഖുറേഷി, മഹമൂദ് അഹമ്മദ്, മൗലാന മൗദൂദി, ഡോ. നജത്തുള്ള സിദ്ദിഖി എന്നിവര്‍ തങ്ങളുടെ എഴുത്തുകളിലൂടെ ഇസ്ലാമിക് ബാങ്കിംഗ് എന്ന പുതിയ സംരംഭത്തിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കണ്ടത് 1963ല്‍ ഈജിപ്റ്റില്‍ മിറ്റ്- ഗാമര്‍ എന്ന പേരില്‍ ലോകത്തിലെ ആദ്യ ഇസ്ലാമിക് ധനകാര്യസ്ഥാപനം തുടങ്ങിയതോടെയാണ്. പ്രോഫിറ്റ്- ലോസ് ഷെയറിംഗ് എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ പൂര്‍ണമായും ഇസ്ലാമിക തത്ത്വത്തില്‍ അധിഷ്ഠിതമായ ബാങ്ക് രൂപംകൊണ്ടത് 1975ലാണ്. ദുബായ് ഇസ്ലാമിക് ബാങ്കായിരുന്നു അത്. 

ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍
പരമ്പരാഗത ബാങ്കുകള്‍ പലിശ എന്ന ഉല്‍പ്പന്നം മാത്രം നല്‍കുമ്പോള്‍ ഇസ്ലാമിക ബാങ്കുകള്‍ നല്‍കുന്നത് നിരവധി ഉല്‍പ്പന്നങ്ങളാണ്. അവയില്‍ ചിലത് ചുവടെ: 

മുഡറബ (ക്യാപിറ്റല്‍ ഫിനാന്‍സിംഗ്): ക്യാപിറ്റല്‍ ഫിനാന്‍സിംഗില്‍ ഒന്നാം പാര്‍ട്ടി മൂലധനം നല്‍കുന്നു. രണ്ടാം പാര്‍ട്ടി ഈ മൂലധനം ഉപയോഗിച്ച് ബിസിനസോ മറ്റു പദ്ധതികളോ ഏറ്റെടുത്തു നടത്തുന്നു. ലാഭം ഇരു പാര്‍ട്ടികളും മുന്‍ധാരണ പ്രകാരം വീതിച്ചെടുക്കുന്നു. നഷ്ടമാണെങ്കില്‍ അത് മൂലധനം നിക്ഷേപിച്ച പാര്‍ട്ടിക്ക് മാത്രം.

മുഷാറക്ക (പാര്‍ട്ണര്‍ഷിപ്പ്): രണ്ടോ അതിലധികമോ പങ്കാളികള്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഒരു പ്രത്യേക പദ്ധതിക്ക് മൂലധന നിക്ഷേപം നടത്തുന്നു. ഇതില്‍ നിന്നുണ്ടാകുന്ന ലാഭം പങ്കാളികള്‍ മുന്‍ധാരണ പ്രകാരം പങ്കിട്ടെടുക്കുന്നു. നഷ്ടം സംഭവിക്കുകയാണെങ്കില്‍ ധാരണ പ്രകാരം നഷ്ടവും പങ്കാളികള്‍ വീതിച്ചെടുക്കും.

മുറബഹാ (കോസ്റ്റ് പ്ലസ് ഫിനാന്‍സിംഗ്):
 ഇത് ഒരു വ്യാപാര കരാറാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തു ഉപഭോക്താവ് ഇസ്ലാമിക് ബാങ്കിനെ അറിയിക്കുന്നു. ബാങ്ക് അത് വാങ്ങി നല്‍കുകയും നിശ്ചിത ലാഭം ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ഉപഭോക്താവ് ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ തുക അടച്ചു തീര്‍ത്താല്‍ മതിയെന്നതാണ് ഈ രീതിയുടെ ഗുണം. ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാന്‍ വൈകിയാല്‍ അടയ്‌ക്കേണ്ട തുക വര്‍ധിപ്പിക്കുകയില്ല. 

ഇജാറ (ലീസിങ്ങ്): 
ക്രെയിന്‍, എയര്‍ ക്രാഫ്റ്റ്, കപ്പല്‍ തുടങ്ങിയ ബാങ്കിന്റെ ആസ്തി കോര്‍പറേറ്റ് കമ്പനികള്‍ക്കും മറ്റും നിശ്ചിത സമയത്തേക്ക് ലീസിന് കൊടുക്കുന്നു. ലീസ് കാലാവധിക്കു ശേഷം മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്ക് ഇത്തരം ആസ്തികള്‍ പണയമെടുത്ത ഉപഭോക്താക്കള്‍ വാങ്ങാമെന്ന കരാര്‍ ബാങ്കുകളുണ്ടാക്കുന്നു. ലീസ് കാലാവധി കഴിയും വരെ ഈ ആസ്തികള്‍ ബാങ്കുകളുടെ ബുക്കുകളിലായിരിക്കും. ലീസ് കാലയളവിലെ ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയെല്ലാം ബാങ്ക് ഏറ്റെടുത്ത് നടപ്പാക്കും.

ബേ അല്‍ സലാം (ഫോര്‍വേര്‍ഡ് പര്‍ച്ചേസ്): ഉല്‍പ്പന്നത്തിന് തുക മുന്‍കൂറായി നല്‍കുന്ന കരാര്‍ വ്യവസ്ഥയാണിത്. ഉപഭോക്താവിന് നിശ്ചിത ഗുണവും തൂക്കവുമുള്ള കമോഡിറ്റി നിശ്ചിത ദിവസം കരാര്‍ തുകയ്ക്ക് എത്തിച്ചു നല്‍കും. 

ഇറ്റിസ്‌ന (മാനുഫാക്ചറിംഗ് കോണ്‍ട്രാക്ട്): പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ബില്‍ഡര്‍ക്ക് പണം നല്‍കി കെട്ടിടം സ്വന്തമാക്കുന്ന രീതിയാണിത്. ക്വാര്‍ഡ് ഹസന്‍ (റിഹാബിലിറ്റേഷന്‍ ബിസിനസ്), തക്കാഫുല്‍ (മ്യൂച്വല്‍ ഇന്‍ഷുറന്‍സ്), സുക്കുക് (അസറ്റ് ബേസ്ഡ് ബോണ്ട്) എന്നിവയാണ് ഇസ്ലാമിക ബാങ്കിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍. 

(കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയായ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ക്രെഡിറ്റ്‌സ്  ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍. ഫോണ്‍: 9846077885)
courtesy: Dhanam Business Magazine 20 August 2012 

No comments:

Post a Comment