Sunday, August 19, 2012

വിദ്യാഭ്യാസവായ്‌പ അവകാശമെന്ന് ചിദംബരം


Mathrubhumi News Published on  19 Aug 2012

പി.കെ.മണികണ്ഠന്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസവായ്പയ്ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചു. വിദ്യാഭ്യാസവായ്പ ഔദാര്യമല്ല, അവകാശമാണ്. വായ്പ നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കും. വായ്പ നിഷേധിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാവും-മന്ത്രി മുന്നറിയിപ്പു നല്‍കി. വിവിധ ബാങ്ക് മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവര്‍ക്കു മാത്രമേ വിദ്യാഭ്യാസവായ്പ അനുവദിക്കാവൂവെന്ന് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കാന്‍ അതു വഴിയൊരുക്കി.

മാര്‍ക്കിന്റെയും പ്രവേശനപ്രക്രിയയുടെയും അടിസ്ഥാനത്തിലുള്ള യോഗ്യത കണക്കാക്കി വിദ്യാഭ്യാസവായ്പ അനുവദിക്കണം. ഇത്തരത്തില്‍ യോഗ്യതയുള്ള ഒരു വിദ്യാര്‍ഥിക്കും വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല- മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസവായ്പയ്ക്ക് പുതിയ മാര്‍ഗരേഖ തയ്യാറാകുന്നതോടെ ബാങ്കുകളുടെ കൂട്ടായ്മയായ ഐ.ബി.എ.യുടെ നിലവിലുള്ള മാര്‍ഗരേഖ റദ്ദായേക്കും.

2011 ആഗസ്തിലാണ് ഐ.ബി.എ. വിദ്യാഭ്യാസവായ്പ സംബന്ധിച്ച പുതിയ മാര്‍ഗരേഖ തയ്യാറാക്കി എല്ലാ ബാങ്കുകള്‍ക്കും നല്‍കിയത്. വിദ്യാഭ്യാസവായ്പ ലഭിക്കാനുള്ള ഏക യോഗ്യതാമാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനമായിരിക്കണമെന്ന് ഇതില്‍ പ്രത്യേകം നിര്‍ദേശിച്ചു. തൊഴില്‍സാധ്യതയുടെ അടിസ്ഥാനത്തിലാവണം വായ്പയുടെ അളവ് നിശ്ചയിക്കേണ്ടത്. മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ പാടില്ലെന്നും ഐ.ബി.എ. നിര്‍ദേശിച്ചു.

വിദ്യാഭ്യാസവായ്പയുടെ എണ്ണവും വ്യാപ്തിയും കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഈ ശുപാര്‍ശ. ഇന്ത്യയ്ക്കകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപയും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് 20 ലക്ഷം രൂപയുമാണ് ഐ.ബി.എ. നിശ്ചയിച്ച വായ്പാപരിധി. ന്യൂനപക്ഷ കോളേജുകള്‍ ഉള്‍പ്പെടെ മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് ഇതൊരവസരമായി. ഐ.ബി.എ. മാര്‍ഗരേഖ അതേപടി അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു.

ഐ.ബി.എ.യുടെ മാര്‍ഗരേഖ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. കെ.എന്‍.ബാലഗോപാലും പി.ടി.തോമസ്സും പാര്‍ലമെന്‍റില്‍ ഇക്കാര്യം ഉന്നയിക്കുകയുണ്ടായി.
(courtesy : Mathrubhumi Daily dt.19-08-2012)

No comments:

Post a Comment