Monday, August 20, 2012

സാങ്കേതിക മുന്നേറ്റം ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റുന്നു



സാങ്കേതിക മുന്നേറ്റം ബാങ്കിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. സ്വന്തം വീടിന്റെ സ്വകാര്യതയിലിരുന്നോ യാത്രയുടെ തിരക്കുകള്‍ക്കിടയിലോ ഇന്ന് അനായാസം ബാങ്കിടപാടുകള്‍ നടത്താം. കംപ്യൂട്ടറിന്റെയോ മൊബീല്‍ ഫോണിന്റെയോ സഹായത്തോടെ ഞൊടിയിടയ്ക്കുള്ളില്‍ വന്‍ തുകകള്‍ കൈമാറ്റം ചെയ്യാം. നാം അതിവേഗം കാഷ് രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയാം.

മാറ്റങ്ങള്‍ അതിവേഗം
രാജ്യത്ത് ആദ്യമായി ഒരു എ.റ്റി.എം (ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍) സ്ഥാപിക്കപ്പെടുന്നത് 1987ല്‍ മുംബൈയിലാണ്. ഇന്ന് എ.റ്റി.എമ്മുകള്‍ സര്‍വ വ്യാപിയായിരിക്കുന്നു. രാജ്യത്തെ പണമിടപാടുകളുടെ 50 ശതമാനത്തിലധികവും ഇന്ന് നടക്കുന്നത് എ.റ്റി.എമ്മുകളിലൂടെയാണ്. വ്യാപാര രംഗത്ത് പി.ഒ.എസ് (പോയ്ന്റ് ഓഫ് സെയ്ല്‍) മെഷീനുകള്‍ സര്‍വ സാധാരണമായതോടെ ക്രയവിക്രയങ്ങള്‍ക്ക് പണം കൈയില്‍ കരുതേണ്ട ആവശ്യമില്ലെന്നായി. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ പണത്തിന് പകരക്കാരനായി.

പൂര്‍ണമായും പണരഹിതമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.
എ.റ്റി.എംപോലും ഉപയോഗശൂന്യമോ പഴഞ്ചനോ ആയിത്തീരുംവിധം, നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. യാത്രയ്ക്കിടയില്‍ ടോള്‍ഗേറ്റിലൂടെ വാഹനം കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ എക്കൗണ്ടില്‍ നിന്നും തുക ഈടാക്കുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമാണ്. അവിടെ പൊതുയാത്രാ വാഹനങ്ങളില്‍ പണത്തിനു പകരം കാര്‍ഡ് ഉപയോഗിക്കുന്ന രീതിയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മൊബീല്‍ ബാങ്കിംഗ് പ്രിയങ്കരം
സൗത്ത് ഇന്ത്യന്‍ ബാങ്ക് ആറു മാസം മുമ്പ് തുടങ്ങിയ മൊബീല്‍ ബാങ്കിംഗ് ഇതിനോടകം 600,000ല്‍ അധികം ഇടപാടുകാര്‍ ഉപയോഗിക്കുന്നുണ്ട്. മുമ്പ് മൊബീല്‍ ബാങ്കിംഗ് ഇടപാട് നടത്താന്‍ ഇരു കൂട്ടര്‍ക്കും ഇത്തരം എക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ആ നിബന്ധന മാറ്റിയതോടെ രാജ്യത്ത് മൊബീല്‍ ഫോണിലൂടെയുള്ള ഇടപാടുകള്‍ കുതിച്ചുയര്‍ന്നു. മുമ്പ് ബാങ്ക് ശാഖയിലെത്തി മാത്രം ഉപയോഗപ്പെടുത്തിയിരുന്ന സേവനങ്ങള്‍ മൊബീല്‍ ഫോണിലൂടെ ഞൊടിയിടയില്‍ സാധ്യമായി.

അമേരിക്കയിലും മറ്റും ആളുകള്‍ വളരെ വിരളമായേ ബാങ്കുകളില്‍ പോകാറുള്ളൂ. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഇടപാടുകള്‍ നടത്തുന്നു. ഇന്ത്യയിലും ഈ രീതി അതിവേഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈയിടെ ചെന്നൈയില്‍ നടന്ന ബാങ്ക്‌കോണ്‍ (Bancon ‘11) ല്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ബാങ്ക് കൗണ്ടറുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പണമിടപാടുകള്‍ക്കായി ആരും ബാങ്കുകളില്‍ ചെല്ലാത്ത അവസ്ഥയുണ്ടായാലും അല്‍ഭുതപ്പെടാനില്ല.

കടലാസ് രൂപത്തിലുള്ള പണത്തിന്റെ ഉപയോഗം ആവശ്യമല്ലാതാക്കിത്തീര്‍ക്കുന്ന വിധത്തില്‍ പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉദാഹരണത്തിന് ഒരു കോളെജിലെ 10,000 വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി കുറച്ചുനാള്‍ മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ആവിഷ്‌കരിച്ച ഒരു പദ്ധതി തന്നെയെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് ഒരു കാര്‍ഡ് മാത്രമാണ്. മാതാപിതാക്കള്‍ എക്കൗണ്ടിലിടുന്ന പണം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി ഫീസ് അടയ്ക്കാനും മറ്റ് ഏത് ആവശ്യത്തിന് പണം അടയ്ക്കാനും ഈ ഒരൊറ്റ കാര്‍ഡ് മതി. അതായത് പണം കറന്‍സിയായി കൈകാര്യം ചെയ്യേണ്ട ആവശ്യമേയില്ല.

പണം കൈമാറ്റം, എത്രയെളുപ്പം!
മെയ്ല്‍ ട്രാന്‍സ്ഫര്‍, ഡി.ഡി, ചെക്ക് എന്നിവയൊക്കെ താമസിയാതെ പഴഞ്ചന്‍ രീതികളായി മാറും. RTGS (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഉം NEFT (നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ഉം ഇന്ന് പണം കൈമാറ്റത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. NEFT -ലൂടെയുള്ള കൈമാറ്റത്തിന് 2-3 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമായ RTGS ലൂടെ തല്‍സമയ മണി ട്രാന്‍സ്ഫര്‍ സാധ്യമാകുന്നു.

വിദേശത്തുള്ള മകന്റെയോ ഭര്‍ത്താവിന്റെയോ ചെക്ക് വരുന്നതും കാത്ത് വീട്ടുകാര്‍ ഇരുന്ന കാലം പൊയ്‌പ്പോയി. ഇന്ന് അവിശ്വസനീയമായ വേഗത്തിലാണ് ഫണ്ട് ട്രാന്‍സ്ഫര്‍. ഉദാഹരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തി വീട്ടുകാര്‍ക്ക് പണം അയക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ ബാങ്കുമായി സഹകരണമുള്ള ഗള്‍ഫിലെ എക്‌സ്‌ചേഞ്ച് ഹൗസിലെത്തി പണമടച്ച് പുറത്തേക്കിറങ്ങും മുമ്പുതന്നെ തുക നാട്ടിലെ എക്കൗണ്ടണ്ടില്‍ എത്തിയതായി സന്ദേശം ലഭിക്കും. അതോടൊപ്പം തന്നെ പണം കൈപ്പറ്റേണ്ട ആള്‍ക്കും സന്ദേശം കിട്ടിയിരിക്കും.

ചെക്ക് ട്രങ്കേഷന്‍
ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ മുതലായ മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമായ ചെക്ക് ട്രങ്കേഷന്‍ സൗകര്യം വ്യാപകമാകുന്നതോടെ ചെക്കുകള്‍ അതിവേഗം പണമായി മാറ്റാം. പൂര്‍ണമായും കോര്‍ബാങ്കിംഗ് നടപ്പാക്കിയിട്ടുള്ള ബാങ്കുകള്‍ക്ക് വിവിധ ശാഖകളിലെ ചെക്കുകള്‍ പണമായി മാറ്റാന്‍ ഇപ്പോള്‍ കാലതാമസമില്ല. എന്നാല്‍ ട്രങ്കേഷന്‍ സൗകര്യം നടപ്പിലാകുന്നതോടെ അന്യ ബാങ്കുകളുടെ ചെക്കുകളും കാലതാമസം കൂടാതെ ക്രെഡിറ്റ് ചെയ്യാം.

റിസര്‍വ് ബാങ്കിന്റെ നിബന്ധനപ്രകാരം സജ്ജമാക്കിയിരിക്കുന്ന അതിവേഗ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ മെഷീനിലൂടെ ചെക്കിന്റെ ഇമേജ് അയച്ചാല്‍ മതി. ചെക്ക് കൈമാറ്റം ചെയ്യേണ്ടതില്ല. അതിനാല്‍ ചെക്ക് നഷ്ടപ്പെടുമെന്ന ഭയവും വേണ്ട. ഇപ്പോള്‍ അതത് സ്ഥലത്തെ ക്ലിയറിംഗ് ഹൗസുകള്‍ മുഖേന നടക്കുന്ന ചെക്ക് ഇടപാടുകള്‍ ട്രങ്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ സുഗമമാകും.

ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റ്
വ്യത്യസ്തങ്ങളായ ധനകാര്യ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ടണ്ട് ബാങ്കുകള്‍ ഇന്ന് പരമ്പരാഗത ബാങ്കിംഗില്‍ നിന്നും ഒട്ടേറെ മുമ്പോട്ട് പോയിരിക്കുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതുപോലെ ബാങ്കില്‍നിന്ന് വ്യത്യസ്തങ്ങളായ നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നു. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടണ്ട്, ഓഹരികള്‍ എന്നിവയെല്ലാം ഇന്ന് ബാങ്കിലൂടെ ലഭ്യമാണ്. സ്വര്‍ണം വാങ്ങാനും റെയില്‍വേ ടിക്കറ്റ് വാങ്ങാനും ബില്ലുകളും ഫീസുകളും അടയ്ക്കാനുമെല്ലാം ബാങ്കുകളെ ആശ്രയിക്കാം. 'ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റ്' എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഇന്ന് ബാങ്കുകളുടെ പ്രവര്‍ത്തനം.

ബാങ്കിംഗ്, എല്ലാവരിലേക്കും
ബാങ്കിംഗ് രംഗത്ത് സാങ്കേതിക മുന്നേറ്റം വിപ്ലവമുണ്ടാക്കിയെങ്കിലും ഇപ്പോഴും രാജ്യത്തെ 40 ശതമാനം ആളുകള്‍ക്ക് മാത്രമേ ബാങ്ക് എക്കൗണ്ട് ഉള്ളൂവെന്നാണ് കണക്ക്. എന്നാല്‍ എല്ലാവര്‍ക്കും UID (യുണീക് ഐഡന്റിഫിക്കേഷന്‍) കാര്‍ഡ് ഏര്‍പ്പെടുത്തുന്നതോടെ ബാങ്ക് ഇടപാടുകളുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടം തന്നെയുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവരിലേക്ക് നേരിട്ടെത്തിക്കാന്‍ ബാങ്ക് എക്കൗണ്ടുകളാകും ഏറ്റവും നല്ല മാര്‍ഗം.

പരിചയ സമ്പന്നര്‍ വിരമിക്കുന്നു

പരിചയ സമ്പന്നരായ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു എന്നതാണ് ബാങ്കിംഗ് രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബാങ്ക് ദേശസാല്‍ക്കരണത്തോട് അനുബന്ധിച്ച് 70കളില്‍ വന്‍തോതില്‍ ശാഖകള്‍ തുടങ്ങിയതുമൂലം നിയമനം ലഭിച്ചവര്‍ ഈ വര്‍ഷങ്ങളില്‍ കൂട്ടത്തോടെ വിരമിക്കുകയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാര്യത്തിലാണെങ്കില്‍ ജീവനക്കാരുടെ ശരാശരി പ്രായം 48 ആയിരുന്നത് ഇപ്പോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതോടെ 36 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പലരും വിരമിക്കുന്നതോടെ ശരാശരി പ്രായം ഇനിയും കുറയും. ഇപ്പോഴുള്ള 6200 ജീവനക്കാരില്‍ 30 വയസില്‍ താഴെയുള്ളവരുടെ എണ്ണം 2300 ഓളമാണ്. സാങ്കേതികവിദ്യയും മറ്റും എളുപ്പം സ്വായത്തമാക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ജീവനക്കാര്‍ മുതല്‍ക്കൂട്ടാണെങ്കിലും സീനിയര്‍ ലെവലിലുള്ള ജീവനക്കാരുടെ ക്ഷാമമാണ് പൊതുവെ ബാങ്കുകള്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

 - ഏബ്രഹാം തരിയന്‍
   courtesy: Dhanam Business Magazine 20 August 2012 

No comments:

Post a Comment