Sunday, August 19, 2012

തപാല്‍ വകുപ്പിന്റെ പുതിയ മാനദണ്ഡങ്ങള്‍

കത്തയക്കുമ്പോള്‍ ഇനി അളവും നോക്കണം 
(Mathrubhumi News 19-08-2012 Sunday)
കത്തെഴുതുമ്പോള്‍ ഇനി പഴയതുപോലെയല്ല, കൃത്യമായ നീളവും വീതിയും ഭാരവുമൊക്കെ പാലിക്കണം. അല്ലെങ്കില്‍ കത്ത് എത്തേണ്ട സ്ഥലത്ത് എത്തണമെന്നില്ല. തപാല്‍ വകുപ്പ് കത്തയക്കുന്നതിനും വിലാസമെഴുതുന്നതിനും ഏകീകൃത അളവുകള്‍ കൊണ്ടുവരുന്നു. സാധാരണ കത്തുകള്‍, സ്പീഡ് പോസ്റ്റ്, റജിസ്‌ട്രേറ്റഡ് കത്തുകള്‍ തുടങ്ങി തപാല്‍ വഴി അയയ്ക്കുന്നവയ്‌ക്കെല്ലാം പുതിയ അളവുകള്‍ ബാധകമാകും. 

കത്തുകളുടെ നീളം, വീതി, കനം, ഉപയോഗിക്കുന്ന പേപ്പര്‍, കാര്‍ഡ്, വിന്‍ഡോ പേപ്പര്‍ എന്നിവയ്‌ക്കെല്ലാം നിശ്ചിത അളവുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്ഥിരമായി തപാല്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇവ നിര്‍ബന്ധമായും പാലിക്കണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. തപാല്‍ വകുപ്പിന്റെ യന്ത്രവത്കരണവുമായി ബന്ധപ്പെട്ടാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുന്നത്.

എല്ലാ കത്തിലും പിന്‍കോഡ് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് ഇന്ത്യന്‍ പോസ്റ്റ് വെബ്‌സൈറ്റില്‍ www.indiapost.gov.in ലഭ്യമാണ്. സ്റ്റാമ്പ് / ഫ്രാങ്ക് ഇംപ്രഷന്‍ എന്നിവ കത്തിന്റെ മുകള്‍ഭാഗത്ത് വലത്തേ മൂലയില്‍ ആയിരിക്കണം. വിലാസമെഴുതുന്നതുമ്പോള്‍ വരികള്‍ക്കിടയില്‍ സ്ഥലം വിടാതെ ചേര്‍ത്തെഴുതണം. കവറില്‍ വിലാസം കാണുന്ന സുതാര്യമായ ഭാഗത്ത് ഉള്‍ക്കൊള്ളുന്നരീതിയില്‍ മുഴുവന്‍ വിലാസവും രേഖപ്പെടുത്തണം. അതില്‍ വിലാസം മാത്രമേ കാണാന്‍ പാടുള്ളൂ.

മങ്ങി വ്യക്തമായി കാണാന്‍ സാധിക്കാത്തരീതിയില്‍ അഡ്രസ്സ് ബ്ലോക്ക് അച്ചടിക്കാതിരിക്കുക, അഡ്രസ്സ് ബ്ലോക്കില്‍ ബാര്‍ കോഡുകളോ മറ്റെന്തെങ്കിലും വിവരങ്ങളോ രേഖപ്പെടുത്താതിരിക്കുക. കത്തിന്റെ താഴെഭാഗത്ത് ഫ്ലൂറസന്‍റ് ബാര്‍കോഡുകള്‍ രേഖപ്പെടുത്താനുള്ളതിനാല്‍ മറ്റൊന്നും എഴുതരുത്. കത്ത് എത്തിച്ചേരേണ്ട മേല്‍വിലാസം എഴുതുന്നതിനു സമീപത്ത് പരസ്യങ്ങള്‍ ഒഴിവാക്കുക. കത്തുകളില്‍ സ്റ്റാപ്ലര്‍ അടിക്കുകയോ, നടുഭാഗം മടക്കുകയോ ചെയ്യരുത്. 

വഴുക്കുന്ന തരം കവറുകള്‍ക്കുപകരം ആവശ്യത്തിന് പരുപരുത്ത കവറുകള്‍ ഉപയോഗിക്കുക, സ്വകാര്യ ഇന്‍ലന്‍റുകളുടെ ഫ്ലാപ്പുകള്‍ തുറന്നരീതിയില്‍അയക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തപാല്‍ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.


(courtesy : Mathrubhumi Daily dt.19-08-2012)

No comments:

Post a Comment