Monday, August 20, 2012

അവകാശമാകുന്ന വിദ്യാഭ്യാസ വായ്‌പ

Mathrubhumi Daily Published on  20 Aug 2012
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അടുത്ത കാലത്ത് വലിയ തോതിലുള്ള വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് അവയാണ് എണ്ണത്തില്‍ കൂടുതല്‍. അതിനനുസരിച്ച് അവിടെ പഠിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഫീസ് വളരെ കൂടുതലായതിനാല്‍ ഇവിടെ പഠിക്കണമെങ്കില്‍ ഒട്ടുമിക്ക പേര്‍ക്കും വായ്പയെ ആശ്രയിക്കുകയേ തരമുള്ളൂ. വിദ്യാഭ്യാസവായ്പയെ മുന്‍ഗണനപ്പട്ടികയിലാണ് റിസര്‍വ് ബാങ്ക്‌പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസവായ്പയുടെ കാര്യമെടുത്താല്‍ രാജ്യത്തുതന്നെ മുന്നിലാണ് കേരളം. 
കേരളത്തില്‍ നിലവിലുള്ള വായ്പത്തുക ഏകദേശം 6,000 കോടി രൂപയാണെന്നാണ് കണക്ക്. 2001-ല്‍ ഇത് 38 കോടി രൂപയായിരുന്നു. കാര്യം ഇങ്ങനെയാണെങ്കിലും ഈ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവരെ വിദ്യാഭ്യാസ വായ്പാപദ്ധതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) ഈ പദ്ധതി പരിഷ്‌കരിച്ചിരുന്നു. ഇത് വലിയ ആക്ഷേപത്തിന് വഴിവെക്കുകയുണ്ടായി. ഇതാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയത്. ഈ കുട്ടികള്‍ക്കും വായ്പ ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത് അവസരോചിതമാണ്. മറ്റു കുട്ടികളെപ്പോലെ, നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍, ഇക്കാര്യത്തില്‍ ഇവരോട് വിവേചനം കാട്ടുന്നതില്‍ ന്യായീകരണമില്ല. വിദ്യാഭ്യാസവായ്പ അവകാശമാണെന്നും അര്‍ഹരായവര്‍ക്ക് അത് നിഷേധിച്ചാല്‍ ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരം വായ്പ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരളത്തില്‍ ഇടയ്ക്കിടെ ഉടലെടുക്കാറുണ്ട്. ഇത് ആത്മഹത്യയ്ക്കുപോലും വഴിവെച്ചിരുന്നു. ഒരു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യുന്നതിലും ഇത് കലാശിച്ചു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയുണ്ടാക്കുന്ന നടപടികള്‍ക്ക് രൂപം നല്‍കുകയും അവയ്ക്ക് വേണ്ടത്ര പ്രചാരം നല്‍കുകയും വേണം. ഈ വായ്പയ്ക്ക് പണം ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം കേന്ദ്രമന്ത്രിസഭ പരിഗണിക്കുന്നുണ്ട്. നല്ല നീക്കമാണ് അത്. ബജറ്റില്‍ ഈ വര്‍ഷം പ്രഖ്യാപിച്ചതാണ് ഈ ഫണ്ട്.

ഐ.ബി.എ. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഈ പദ്ധതിയുടെ പോരായ്മകളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുകയാണെങ്കില്‍ അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം ഉണ്ടാവേണ്ടതാണ്. വായ്പയ്ക്ക് അര്‍ഹത നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം സ്വീകരിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു വരികയുണ്ടായി.

അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് കാലതാമസം വരുത്തുന്നു, നാലുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് വേണ്ടെങ്കിലും ചില ബാങ്കുകള്‍ അത് ചോദിക്കുന്നു, ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു തുടങ്ങിയ പരാതികള്‍ എളുപ്പം പരിഹരിക്കപ്പെടേണ്ടതാണ്. രക്ഷിതാവിന്റെ വീടിന് അടുത്തുള്ള ബാങ്ക് ശാഖയെയാണ് സാധാരണഗതിയില്‍ വായ്പയ്ക്ക് സമീപിക്കേണ്ടത്. ഇത് എല്ലായ്‌പ്പോഴും ഗുണകരമാകില്ല എന്ന ഒരഭിപ്രായം ഈ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരികയുണ്ടായി. അതുപോലെ വായ്പ തിരിച്ചടയ്ക്കുമ്പോള്‍ തുല്യമാക്കപ്പെട്ട മാസഗഡുക്കള്‍ക്കു പകരം, അവസാനഘട്ടത്തില്‍ കൂടുതല്‍ തുക വരുന്ന തരത്തില്‍ ക്രമീകരിച്ചാല്‍ നന്നാവുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിരുന്നു.

വായ്പ തിരിച്ചടയ്ക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍, അതിനു മാത്രം വരുമാനം, ഉദ്യോഗത്തില്‍ അപ്പോള്‍മാത്രം പ്രവേശിക്കുന്നവര്‍ക്ക് ലഭിച്ചേക്കില്ല എന്നതാണ് ഇതിന് അടിസ്ഥാനം. ഇത്തരം കാര്യങ്ങളില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കാവുന്നതേയുള്ളൂ.

വിദ്യാഭ്യാസവായ്പ അവകാശമാകുമ്പോള്‍ തന്നെ അതിന്റെ തിരിച്ചടവ് കടമയുമാണെന്ന് ഓര്‍ക്കണം. നാലുലക്ഷം വരെ ഈടു വേണ്ടാത്ത വായ്പയുടെ കാര്യത്തില്‍ തിരിച്ചടവില്‍ ബാങ്കുകള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നു പറയപ്പെടുന്നു. ഇവ എഴുതിത്തള്ളിയേക്കാമെന്ന അഭ്യൂഹമാണോ ഇതിന്റെ പിറകില്‍ എന്നത് അന്വേഷിക്കേണ്ടതാണ്. വലിയ തുകകള്‍ കിട്ടാക്കടമായി ഒടുങ്ങുമ്പോള്‍ ചെറിയ തുകയുടെ കാര്യത്തില്‍ അത്ര നിഷ്‌കര്‍ഷ വേണോ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. അഴിമതിയുടെ കാര്യത്തിലും ഈ അര്‍ഥശൂന്യമായ ചോദ്യമുയരാറുണ്ട്. സത്യസന്ധതയ്ക്ക് പക്ഷേ, ബദലില്ല. (courtesy:Mathrubhumi Daily dt.20-08-2012)



No comments:

Post a Comment