Monday, August 20, 2012

വായ്പാ വളര്‍ച്ചയ്ക്ക് ഭീഷണിയായി 'എന്‍. പി.എ ഫോബിയ' NPA


Published by: Dhanam Business Magazine 20 August 2012


സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ ബാങ്ക് വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെക്കാള്‍ വളരെ കുറഞ്ഞ തോതിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലെ വാര്‍ഷികാടിസ്ഥാന വായ്പ വളര്‍ച്ച 16.5 ശതമാനം വീതം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് യഥാക്രമം 22.1 ശതമാനവും 21.9 ശതമാനവും ആയിരുന്നു. ഏപ്രില്‍ 17ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കുകളിലെ കുറവ്, ബാങ്കുകളുടെ വായ്പാ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടില്ല എന്ന് വ്യക്തം. വ്യവസായ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച. ഈ മേഖലകളില്‍ ഉണ്ടായ നിഷ്‌ക്രിയ ആസ്തികളുടെ വളര്‍ച്ചയാണ് കൂടുതല്‍ വായ്പകള്‍ അനുവദിക്കാത്തതിന് കാരണം.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പകള്‍ 16.3 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ എന്‍.പി.എയില്‍ 43.9 ശതമാനം വര്‍ധന ഉണ്ടായി. ഈടും ജാമ്യവും ആവശ്യമില്ലാത്ത വായ്പകള്‍ നല്‍കുന്നതില്‍ മുന്‍കാല അനുഭവങ്ങള്‍ മൂലം ബാങ്ക് മാനേജര്‍മാര്‍ ഭയപ്പെടുകയാണ്. എന്‍.പി.എ വര്‍ധിക്കുമ്പോള്‍ ഇവര്‍ വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയരാകുന്നു. ഈ 'എന്‍.പി.എ ഫോബിയ' മൂലം അര്‍ഹരായവര്‍ക്കും വായ്പ ലഭിക്കാതെ വരുന്നു. 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വായ്പകള്‍ വഹിക്കുന്നതിനാല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടാക്കുന്ന ആഘാതത്തെപ്പറ്റി അവബോധം ഉണ്ടാകണം. സിവില്‍ കോടതികളുടെയും ട്രൈബൂണലുകളുടെയും അനുകൂലമായ നടപടികള്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്ന വായ്പകള്‍ കുടിശികയായാലും തങ്ങള്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരില്ല എന്ന ഉറപ്പു ലഭിച്ചാല്‍ ബാങ്ക് മാനേജര്‍മാര്‍ അര്‍ഹരായവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ തയാറാകും.

* * *

വിദ്യാഭ്യാസ വായ്പകള്‍ സഹായ ധനമല്ല
ഈ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ വായ്പ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ വിദ്യാഭ്യാസ വായ്പകള്‍ 25 ലക്ഷം എക്കൗണ്ടുകളിലായി 50,000 കോടി കവിയുമെന്നാണ് കണക്ക്. ആകെയുള്ള വായ്പയുടെ 5.5 ശതമാനം എന്‍.പി.എ ആയിക്കഴിഞ്ഞു. ഭൂരിഭാഗം എക്കൗണ്ടുകളിലും തിരിച്ചടവ് കാലാവധി എത്തിയിട്ടില്ലാത്തതിനാല്‍ ഈ ശതമാനം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. 

വിദ്യാഭ്യാസ വായ്പകള്‍ക്ക് ഉദാരമായ വ്യവസ്ഥകളാണുള്ളത്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് 10 ലക്ഷം വരെയും വിദേശ വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെയും വായ്പ ലഭിക്കും. നാല് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ജാമ്യമോ ഈടോ വേണ്ട. 

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ പുതിയ നിബന്ധനകള്‍ പ്രകാരം നഴ്‌സിംഗ് അടക്കമുള്ളവയുടെ മാനേജ്‌മെന്റ് സീറ്റുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കില്ല. മെറിറ്റ്് അടിസ്ഥാനത്തിലായിരിക്കും വായ്പകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്രെഡിറ്റ് റേറ്റിംഗ് (Credit rating) ബാധകമാക്കും. സ്‌കോളര്‍ഷിപ്പ്, ഫീസ് ഇളവ് ഇവ കിഴിച്ചതിനുശേഷം മാത്രമേ വായ്പാ തുക കണക്കാക്കുകയുള്ളു. നല്ല റേറ്റിംഗ് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാകും. 

* * *
ബാങ്ക് ശാഖാ വികസനം - തൊഴിലവസരം വര്‍ധിക്കുന്നു

2009ലും 2011ലും റിസര്‍വ് ബാങ്ക് നടപ്പാക്കിയ ചില നിയമഭേദഗതികള്‍ മൂലം ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള സ്വാതന്ത്ര്യം വര്‍ധിച്ചു. മുമ്പ് ശാഖ തുറക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണ്ടിയിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്നതിനു മാത്രമാണ് അനുവാദം ആവശ്യമുള്ളത്. ബാങ്കിംഗ് സേവനം ലഭ്യമാകാത്ത 74000 ഗ്രാമപ്രദേശങ്ങളില്‍ ശാഖകള്‍ തുറക്കുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ തുറക്കുന്ന ശാഖകള്‍ക്ക് ആനുപാതികമായി നഗരങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകള്‍ തുറന്നത് 5000ല്‍പ്പരം പുതിയ ശാഖകളാണ്.

1969ല്‍ 8321 ബാങ്ക് ശാഖകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 64000 ജനങ്ങള്‍ക്ക് ഒരു ബാങ്ക് എന്നതായിരുന്നു സ്ഥിതി. 2012 മാര്‍ച്ച് അവസാനം ശാഖകള്‍ 97180 ആയി. അതായത് 13000 ജനങ്ങള്‍ക്ക് ഒരു ബാങ്ക്. എന്നാല്‍ ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത് മതിയാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം. വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വന്‍ തോതിലുള്ള വിരമിക്കലിനൊപ്പം ശാഖാ വികസനവും പുതിയ ബാങ്കുകളുടെ പിറവിയും ബാങ്കിംഗ് മേഖലയില്‍ വര്‍ധിച്ച ജോലി സാധ്യതകള്‍ക്കാണ് വഴിതെളിക്കുക.

courtesy: Dhanam Business Magazine 20 August 2012  

No comments:

Post a Comment